Friday, November 16, 2012

ഞാന്‍ പ്രണയത്തിലാണ്


പ്രണയം മുട്ടിവിളിയ്ക്കാത്ത വാതിലുകളില്ലെന്നാണ്‌ അനുഭവസ്ഥരുടെ സാക്ഷ്യം; തെറ്റിദ്ധരിയ്ക്കരുത് പറഞ്ഞു വരുന്നത് യാത്രകളെ പ്രണയിയ്ക്കുന്നവരെക്കുറിച്ചാണ്‌. യാത്രകള്‍ തുടങ്ങുന്നതും അവസാനിയ്ക്കുന്നതും നമ്മള്‍ അറിയാറേയില്ല. ചിലത് പുതിയ പാതകള്‍ തുറന്നിടുന്നു..മറ്റു ചിലവ പാതിവഴിയില്‍ അവസാനിയ്ക്കുന്നു.
“Every journey will have a hidden secret that may be unknown to you”,

ജീവിതം തമിഴ്നാടു കാലത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിയ്ക്കുകയാണ്‌. ദന്തക്ഷേമ പഠനഭാഗമായ അഞ്ചാണ്ടുകള്‍ . അഞ്ചു മാസങ്ങള്‍ മാത്രമാണ്‌ ഇനിയിവിടെ അവശേഷിയ്ക്കുന്നത്. ബി ഡി എസ് പാഠ്യപദ്ധതിയിലെ, ആസ്വാദനങ്ങളുടെ മധുരനാളുകളായാണ്‌ മുന്‍ഗാമികള്‍ ‘ഹൗസ് സര്‍ജന്‍സിക്കാലത്തെ വിലയിരുത്തുന്നത്. ഇപ്പോള്‍ ഞാനും ടി കാലത്തിലാണ്‌. ഡെന്റല്‍ ക്യാമ്പുകള്‍ ഒരുപാടുണ്ടാകും.. രോഗികളില്‍ ആരോഗ്യാവബോധം സൃഷ്ടിയ്ക്കുക, വിശേഷിച്ച് സര്‍വ്വസാധാരണക്കാരിലേയ്ക്ക് ഇറങ്ങിച്ചെല്ലുക. ഇതെല്ലാമാണ്‌ ക്യാമ്പുകളുടെ പൊതു ലക്ഷ്യം. ഗാന്ധിജി പറഞ്ഞതു പോലെ ഇന്ത്യയെ അറിയാന്‍ ഗ്രാമങ്ങളിലേയ്ക്കു തന്നെ യാത്ര ചെയ്യണം.


തൈരു തക്കാളി സാദങ്ങള്‍
ലക്ഷ്മീകാന്തന്‍സാറും, ഞങ്ങള്‍ മൂന്നു പേരുമടങ്ങുന്ന ഹൗസ് സര്‍ജ്ജന്‍ വിദ്യാര്‍ഥി സംഘം ഇത്തവണ യാത്ര തിരിയ്ക്കുന്നത് പുലഗൗഡപെട്ടി എന്ന മേട്ടൂരിനടുത്തുള്ള ഒരുള്‍ഗ്രാമത്തിലേയ്ക്കാണ്‌. . തമിഴ്നാട്ടിലെ റോഡുകള്‍ കേരള സര്‍ക്കാര്‍ കണ്ടു പഠിയ്ക്കണമെന്ന് ഞങ്ങള്‍ പരസ്പ്പരം പറഞ്ഞു. ജനസാന്ദ്രത കുറവായതു കൊണ്ടു തന്നെ വഴികള്‍ക്കിരുവശവും നിറയേ പാടങ്ങളാണ്‌. ചോളം, കമ്പം, ബാര്‍ലി, വിവിധയിനം പച്ചക്കറികള്‍, സൂര്യകാന്തി, അരുണ തുടങ്ങി പലയിനം വേരുകള്‍ അവിടങ്ങളില്‍ നൃത്തം ചെയ്യുന്നു.വിജനങ്ങളായ തുറസ്സിടങ്ങള്‍ തമിഴിന്റെ ഉള്ളിടങ്ങളെ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു.


ഏകദേശം ഒരു മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ഞങ്ങളവിടെയെത്തി. കാത്തു നിന്നിരുന്ന സംഘാടകര്‍ ഹൃദ്യമായ പുഞ്ചിരിയോടെ ഞങ്ങളെ എതിരേറ്റു. ഒരു സര്‍ക്കാര്‍ സ്ക്കൂളിലാണ്‌ മെഡിയ്ക്കല്‍ ക്യാമ്പു സംഘടിപ്പിച്ചിരിയ്ക്കുന്നത്. ഉച്ചക്കഞ്ഞിയുടെ കൊതിയ്പ്പ്ക്കുന്ന ഗന്ധം നാലുപാടും പരന്നിരുന്നു.അപ്പോഴേയ്ക്കും പ്രായലിംഗ ഭേദമെന്യേ തനി ഗ്രാമീണരായ രോഗികള്‍ കൂട്ടം കൂട്ടമായ് എത്തിത്തുടങ്ങി.പലര്‍ക്കും വേദനസംഹാരികള്‍ മാത്രം മതി.വേദനകന്‍ മറക്കാന്‍ എളുപ്പ വഴികള്‍ തേടുന്നവര്‍ . ഇയവരില്‍ ഭൂരിഭാഗവും പുകയിലയുല്‍പ്പങ്ങള്‍ ഉപയോഗിയ്ക്കുന്നവരാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനാകും.ദൃവിച്ച പല്ലുകളും വിണ്ടു കീറിയ മോണകളും സമൃദ്ധമായി തമിഴു പേശിക്കൊണ്ടിരുന്നു. തമിഴും മലയാളവും ചെറു കഷ്ണം ഇംഗ്ളീഷിലുമെല്ലാമായി ഞങ്ങള്‍ സാമന്യം ഭേദ നിലവാരത്തില്‍ പിടിച്ചു നിന്നു. ഞങ്ങളും വിടമാട്ടേന്‍ . ചിലര്‍ എല്ലാം കേട്ടിരുന്നു.. കുറേപ്പേര്‍ കറു മുറെ ചോദ്യങ്ങളുതിര്‍ത്തു.
അപ്പോഴേയ്ക്കും വിശപ്പിന്റെ സൈറണ്‍ മുഴങ്ങിത്തുടങ്ങിയിരുന്നു. തൈരു/ തക്കാളി സാദങ്ങള്‍ അച്ചാര്‍ എന്നിവയാണിനങ്ങള്‍. വിഭവങ്ങള്‍ എന്തുമാകട്ടെ വിശപ്പിനു കണ്ണില്ലല്ലോ ഞങ്ങള്‍ മത്സരം തുടങ്ങി അല്പം വിശ്രമം.അതിനു ശേഷം മടക്കം. ഇതാണു പദ്ധതി. ഈ ഇടവേളകളിലാണ്‌ ബാപ്പ വാങ്ങിത്തന്ന സാംസങ്ങ് ഫോണിന്റെ ഫോട്ടോ ഭോജന സമയം.

പാപ്പാത്തിയോര്‍മ്മകള്‍
ക്യാമ്പില്‍ വെച്ചാണ്‌ പാപ്പാത്തിച്ചേച്ചിയെ പരിചയപ്പെട്ടത്. ഈറോട് ജനറല്‍ ആശുപത്രിയ്ക്കു മുന്‍പില്‍ കരിക്കു വിറ്റാണ്‌ ഉപജീവനം. കത്തി കൊണ്ടാണ്‌ ഒരിയ്ക്കല്‍, കൈമുറിഞ്ഞത്. ചികിത്സയുടെ ഭാഗമായ ചില കുത്തി വെയ്പ്പുകള്‍ എടുത്തു. പിന്നീട് ശരീരം ക്രമാനുഗതമായി ശോഷിയ്ക്കാന്‍ തുടങ്ങിയത്രേ. വായില്‍ ക്ളിനിക്കലി പൊസിറ്റീവ് ആയ കുറേ lesions സുമായി വിറച്ചു കയറി വന്ന ആ അമ്മയുടെ മുഖം ഇപ്പോഴും കണ്‍മുന്നിലുണ്ട്. ഒരിയ്ക്കലുമുണങ്ങാത്ത മുറിവു പോലെ ഇന്ത്യയില്‍ ഏറ്റവുമധികം എച്ച് ഐ വി സ്ഥിതീകരിക്കപ്പെടുന്ന പ്രദേശമാണ്‌ തമിഴ്നാട്. രോഗം ഒരു സാമൂഹ്യപ്രശ്നമായി വളരുന്നതനുഭവിച്ചറിയണമെങ്കില്‍ ഈ ഗ്രാമങ്ങളിലേയ്ക്കു വരണം. സേലം എന്ന പ്രദേശമാണ്‌ രോഗികളുടെ എണ്ണം കൊണ്ട് മുന്‍പന്തിയില്‍. അറിഞ്ഞോ അറിയാതെയോ മരണത്തിലേയ്ക്കു യാത്ര ചെയ്യുന്നവര്‍ … വളരെ ചുരുക്കം പേര്‍ മാത്രമേ താന്‍ എച്ച് ഐ വി പോസിറ്റീവ് ആണെന്ന് തുറന്നു പറയാറുള്ളൂ. രോഗബാധിതരെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനകില്ല എന്നത് പ്രതിരോധപ്രവര്‍ത്തങ്ങളുടെ ശക്തി കുറയ്ക്കുന്നു.

പുത്തിസാലി
തമിഴ്നാടിന്റെ രാഷ്ട്രീയ അഭിരുചികള്‍ രസകരങ്ങളാണ്‌. ജാതി സമവാക്യക്യങ്ങളും രസികര്‍മന്റ്രങ്ങളുമാണ്‌ അധികാരഘടനകള്‍ നിയന്ത്രിയ്ക്കുക. പ്രത്യയശാസ്ത്രങ്ങളാല്‍ നിയന്ത്രിയ്ക്കപ്പെടുന്ന ജനാധിപത്യ സംവിധാനങ്ങള്‍ ഈ നാടിന്‌ പരിചിതമല്ലെന്നു തോന്നുന്നു. പണാധിപത്യത്തിന്റെ സ്വാധീനം എല്ലായിടങ്ങളിലും കാണാം. ഉള്ളവര്‍ക്കെല്ലാമുണ്ട്. ഇല്ലാത്തവര്‍ക്കോ ഒന്നുമില്ലതാനും കലാലയങ്ങളിലടക്കം മാനേജ്മെന്റുകളുടെ നെറികേടുകള്‍ക്കു നേരെ പ്രതികരിയ്ക്കുന്നവരെ നിസ്സാരമായി അടിച്ചമര്‍ത്തുന്നു. അപ്പോഴൊക്കെയാണ്‌ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പ്രസക്തിയെക്കുറിച്ചും അനിവാര്യതയെക്കുറിച്ചും ആലോചിച്ചു പോയത്.

തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പുകള്‍ മാമാങ്കങ്ങളാണ്‌. പഞ്ചാരിമേളവും കൊട്ടും പാട്ടും കുരവയുമെല്ലാം അകമ്പടിയായുണ്ടാകും. അങ്ങിനെയൊരു ഇലക്ഷന്‍ കാലത്ത് പതിവ് ഔട്ട് പേഷ്യന്റ് ഡ്യൂട്ടി നേരത്താണ്‌ ആ പത്തു വയസ്സുകാരനെ പരിചയപ്പെട്ടത്. തിളങ്ങുന്ന കണ്ണുകളുള്ള ഇരുണ്ടൊരു സുന്ദരന്‍ കുട്ടി. എന്റെ ചോദ്യം നീ ആര്‍ക്ക് വോട്ടു ചെയ്യുമെന്നായി. നിമിഷമൊന്നു വേണ്ടി വന്നില്ല, അവന്റെ കുഞ്ഞരിപ്പല്ലുകളെ ഭേദിച്ച് ഉറപ്പോടെ ജയലളിതയെന്ന ശബ്ദം മുഴങ്ങി. അതിനുള്ള കാര്യകാരണങ്ങളാണ്‌ കൂടുതലമ്പരപ്പിച്ചത്. ജയലളിതാമ്മ ജയിച്ചാല്‍ ലാപ്പ്ടോപ്പ് കെടയ്ക്കുമത്രേ.. കരുണാധിയാനാല്‍ ടി വി മട്ടും താന്‍ എങ്ങനെയുണ്ടവന്റെ ബുത്തീ​‍ീ

മുല്ലൈപ്പെരിയോര്‍
മുല്ലപ്പെരിയാര്‍ വിഷയം കത്തി നില്ക്കുമ്പോഴും ഈ നാടും മനുഷ്യരും മണ്ണിനോടു കാട്ടുന്ന സ്നേഹം ആരെയുമമ്പരപ്പിയ്ക്കും. കാല തുലാവര്‍ഷങ്ങള്‍ ഒരുപോലെയാസ്വദിയ്ക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് പാലക്കാടു പിന്നിടുമ്പോഴേ അസ്വസ്തതകള്‍ തോന്നുമായിരിയ്ക്കാം. ജലം അമൂല്യമാണ്‌ അതു പാഴാക്കാരുത് നമ്മള്‍ വഴി നീളെ ഫലകങ്ങള്‍ സ്ഥാപിച്ച് ബഹുരാഷ്ട്രകുത്തകകള്‍ക്ക് ജലം കൊള്ള ചെയ്യാന്‍ അവസരമൊരുക്കുന്നു. ഒടുവില്‍ കുപ്പി വെള്ളം പണം കൊടുത്തു വാങ്ങുന്നു തമിഴന്റെ നാട്ടില്‍ ജലം സംബന്ധിച്ച പ്രബോധങ്ങളില്ല. ‘ഷോപീസ് ബോര്‍ഡുകളില്ല.“ഒരു കുടം വെള്ളംകൊണ്ടവര്‍ ഒരു ചെടിയ്ക്കും അവനവനു തന്നെയും ജീവന്‍ പകരുന്നു.”

ഇപ്പയും ഒരു എത്തും പിടീം കിട്ടണില്ല
വെയില്‍ ചാഞ്ഞു തുടങ്ങിയിരിയ്ക്കുന്നു. ഇനി നമുക്കു മടങ്ങിയാലോ..യാത്ര സേലം വഴിയാണെന്ന് ആരോ പറഞ്ഞു. . തമിഴ്നാട്ടിലെ വഴികള്‍ ‘ഇപ്പയും ഒരു എത്തും പി പിടീം കിട്ടണില്ല’. ഇരുവശവും നിരവധിയമ്പലങ്ങള്‍ .. ഇതു തമിഴ്നാടിന്റെ മാത്രം പ്രത്യേകതയാണ്‌. മുപ്പതിമുക്കോടി ദൈവ പ്രതിഷ്ഠകള്‍ ഈ നാടിനു മാത്രം സ്വന്തം. തിരുവെന്‍കോട് ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ ഏറെ പ്രസിദ്ധമാണ്‌.

പകലിന്റെ ക്ഷീണം മയക്കുമ്പോള്‍ ഓര്‍മ്മകളില്‍ പിന്നിട്ടയഞ്ചു വര്‍ഷങ്ങള്‍ ഫ്ളാഷ്ബാക്ക് ചെയ്തു.. മലപ്പുറത്തെ വീട്ടില്‍ നിന്നും അവധി കഴിഞ്ഞ് കോളേജിലേയ്ക്കു തിരിച്ചെത്തുമ്പോള്‍ നേരം വെളുത്തു വരുന്നതേയുണ്ടാകുമായിരുന്നുള്ളൂ. പാതി രാത്രിയില്‍ ഈറോട് സ്റ്റേഷനില്‍ നിന്നും കോളേജിലേയ്ക്കുള്ള ഒരു മണിക്കൂര്‍ യാത്ര. അറിഞ്ഞോ അറിയാതെയോ ഒരു മനുഷ്യന്റെ ശരീരവും മേല്‍ വന്നു വീണില്ല. ഒരു തമിഴന്‍ കണ്ണും ശരീരത്തിന്റെ അളവുകളെടുത്തില്ല. പേരിനൊരു ഞോണ്ടനുഭവം പോലും പറഞ്ഞുവെയ്ക്കാനില്ല.. ഈ നാടു പകരുന്ന പറഞ്ഞറിയിയ്ക്കാനാകാത്ത വല്ലാത്തൊരു സുരക്ഷിതത്വ ബോധമുണ്ട്. മലയാളിപ്പെണ്ണുങ്ങള്‍ക്ക് അന്യമായത്. അപ്പോഴും വാദത്തിനു വേണ്ടിയെങ്കിലും ആര്‍ക്കെങ്കിലും ചോദിയ്ക്കാം..അല്ലാ..‘ഈ ഗോവിന്ദച്ചാമി തമിഴ്നാട്ടുകാരനല്ലേ..ഹേ..? അതേ അയാളു തമിഴനാണ്‌. പക്ഷേ അയാള്‍ പിന്‍പറ്റുന്ന സംസ്ക്കാരം തമിഴന്റേതല്ല. അതു കൊണ്ടു തന്നെ അയാളെ തമിഴ്നാടിനോടു ചേര്‍ത്തു വെയ്ക്കേണ്ടതില്ല.

നഗര/ ഗ്രാമ വ്യത്യാനമില്ലാതെ കേരളത്തിലെ ഏതേതു വഴികളിലാണ്‌ സ്ത്രീയ്ക്ക് കടന്നാക്ക്രമണ ഭീതിയില്ലാതെ സധൈര്യം അഭിമാനപൂര്‍വ്വം നട്ടപ്പാതിരയ്ക്കും സഞ്ചരിയ്ക്കാനാകുക? ഓ അതെല്ലാം സൗകര്യപൂര്‍വ്വം മറക്കാം. വല്ല മുഖസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതിനെക്കുറിച്ചും സംസാരിയ്ക്കാം. അതിനു പറ്റിയത് ച്യൂയിങ്കമാണത്രേ വണ്ടിയ്ക്കൊപ്പം ചിന്തകളും കുടുങ്ങിക്കുടുങ്ങി നീങ്ങി. മണിക്കൂറുകള്‍ക്കകം കോളേജിലേയ്ക്കു തിരിച്ചെത്തും.. പാപ്പാത്തിയും പത്തു വയസ്സുകാരനും നിഷ്കളങ്കരായ ഒരുപാടു മനുഷ്യരും തമിഴ്നാടിന്റെ യഥാര്‍ഥ മുഖങ്ങളാണ്‌; ചിന്തകളാണ്‌. അവരുടെ സ്വപ്നങ്ങള്‍ സഞ്ചാരം ചെയ്യുന്ന വഴികള്‍ ഏറെ ദൂരെയല്ല.. അതു തന്നെയാണ്‌ ഇന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ച് അര്‍ദ്ധനഗ്നനായൊരു ഫക്കീര്‍ സ്വപ്നം കണ്ടതും.

ഞാന്‍ പ്രണയത്തിലാണ്‌…ഗ്രാമങ്ങളോട് ചെന്നെത്തുന്ന വഴികളോട്..അവിടങ്ങളിലെ മനുഷ്യരോട്..കാരണം ഓരോ യാത്രയും അവനവനെ പുനര്‍നിര്‍മ്മിയ്ക്കുകയും നവീകരിയ്ക്കുകയും ചെയ്യുന്നു..തണുത്ത ജലം കണ്ണുകളോടെന്ന പോലെ….

Tuesday, October 9, 2012

വ്യാ/ജ/ന്‍


ഇന്നലെ കൂട്ടിയ അയലക്കറിക്കും 
അന്തിക്ക് മോന്തിയ ഒരു കുപ്പി കള്ളിനും
സംശയത്തിന്റെ അരുചിയായിരുന്നു.

രവിയായും/ഉമ്മറായും/തോമസ്സായും 
പീടികത്തിണ്ണയിലിരുന്ന്  നീ , 
ദഹിക്കാത്തത് ര്‍ദ്ദിച്ചപ്പോള്‍ 
നീലനിറമുള്ള ചോരയാണ്-
പടര്‍ന്നു വന്നത് ..

നാട്ടുകൂട്ടങ്ങള്‍ക്കു  നടുവില്‍-
ചത്ത പരല്‍ മീന്‍  പോലെ കിടക്കവേ
നേരിന്റെ വലയില്‍ കുരുങ്ങിയ  
സ്രാവാണ് നീയെന്ന് , 
സ്രാങ്ക് പറഞ്ഞു..!!!

വിഷം തുപ്പാന്‍ 
ഒളിച്ചിരിക്കാന്‍ 
ശക്തിയോ ശബ്ദമോ ഇല്ലാത്ത  
തണുത്തു മരവിച്ച വെറുമൊരു വ്യാജന്‍ !

Sunday, September 9, 2012

ഉറക്കം

ചുവപ്പു പെയ്യുന്ന
വാകമരച്ചുവടുകളില്‍
ഹൃദയത്തിന്‍റെ ഇതളുകളാണ് ..

ആരോ കണ്ടു വെച്ച പ്രണയം...,
മണ്ണിനെ പുണര്‍ന്ന്
കാത്തു കിടന്നു....!

ഒരു രക്തസാക്ഷിയും മരിക്കുന്നില്ല
ഹൃദയത്തിന്‍റെ തുണ്ടു കഷ്ണങ്ങളില്‍
അവര്‍ ജീവിച്ചുകൊണ്ടേ ഇരിക്കുന്നു ...

സ്വാതന്ത്ര്യത്തിന്‍റെ ഈ ചില്ലകളില്‍
കാലമിനിയും പ്രണയം പരാഗണം ചെയ്യും...

സിന്തൂരക്കുറിയില്‍
ചുംബനങ്ങള്‍ കോറിയിട്ട്
പൂമ്പാറ്റകളിനിയും കന്യാചര്‍മങ്ങളുടെ
വൈവിധ്യങ്ങള്‍ തേടും....

രക്തം പടര്‍ന്ന വഴികളില്‍
മഴയും മഞ്ഞും വെയിലുമേറ്റിങ്ങനെ,
നീലാകാശം പുതച്ചുറങ്ങാം.....

Monday, August 27, 2012

കെ ടി ഇര്‍ഫാന്‍ സംസാരിക്കുന്നു

ഒളിമ്പിക്സില്‍ ദേശീയ റെക്കോര്‍ഡു തിരുത്തിയ രാജ്യത്തിന്റെ അഭിമാന താരം ..ഒളിമ്പിക്സിലേക്ക് നടന്നു കയറിയ ആദ്യ മലയാളി...... മലപ്പുറത്തിന്റെ ആദ്യ ഒളിമ്പ്യന്‍അങ്ങിനെ വിശേഷണങ്ങള്‍ ഏറെയുണ്ട് മലപ്പുറം ജില്ലയിലെ കുനിയിളിലെ കോലോത്തുംതുടി ഇര്‍ഫാന് ..
താരത്തെത്തേടി അക്ഷരം മാസികയ്ക്കു വേണ്ടി നടത്തിയ യാത്രയില്‍ വഴിയിലുടനീളം അദ്ദേഹത്തെ വരവേല്‍ക്കുന്ന ബഹുവര്‍ണ്ണ ഫ്ലക്സുകളും ബോര്‍ഡുകളും നിരവധി കണ്ടു.
നാട് മുഴുവന്‍ നെഞ്ചേറ്റുന്ന കായികതാരത്തിന്റെ വീടു കണ്ടുപിടിക്കാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല.
പാതയോരത്തെ കുഞ്ഞു വീട്ടില്‍ ഞങ്ങളെ എതിരേ റ്റത് അദ്ദേഹത്തിന്റെ ഉപ്പയും ഉമ്മയും കുഞ്ഞനുജത്തിയുമായിരുന്നു.പതിവ് പുഞ്ചിരിയോടെ ഇര്‍ഫാന്‍ കടന്നു വന്നു. തിരക്കുകള്‍ക്കിടയിലും അനുഭവങ്ങള്‍ പങ്കുവെച്ചു.

2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യ വിശേഷിച്ച് കേരളം അതിന്‍റെ അഭിമാനമുയര്‍ത്തിപ്പിടിച്ചത് താങ്കളിലൂടെയാണ്. ലോകോത്തര ചാമ്പ്യന്മാര്‍ മത്സരിക്കുന്ന നടത്ത മത്സരത്തില്‍ പത്താമതായി നടന്നു കയറാന്‍ താങ്കള്‍ക്കായി. അതൊരു ദേശീയ റെക്കോര്‍ഡ്‌ കൂടി ആണ്. ഇന്ത്യന്‍ കായിക സാഹചര്യങ്ങള്‍ പരിമിതമാണ്. അത്തരമൊരു പരിതസ്ഥിതിയില്‍ എങ്ങിനെയാണ്‌ ഇത്തരമൊരു മികച്ച നേട്ടം കൈവരിക്കാന്‍ താങ്കള്‍ക്കായത്.?
അവസാനവട്ട പരിശീലന വേളയില്‍ ദേശീയ റെക്കോര്‍ഡ്‌ ആയിരുന്നു മനസ്സില്‍. പക്ഷെ അത് ആദ്യത്തെ പത്തില്‍ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. പരിമിതികളിലൂടെയാണ് ഇത്രയും വരെ എത്തിയത്. പാട്യാലയിലെ പരിശീലനം അതിനു ഒത്തിരി സഹായിച്ചു.

പഠനവും കായിക രംഗത്തേക്കുള്ള പ്രവേശനവും എല്ലാം എങ്ങനെയായിരിന്നു.?
പ്ലസ്‌ 2 വരെ പഠിച്ചത് കീഴുപറമ്പ് ഗവണ്മെന്റ് ജി വി എച്ച് എസ് എസ് ലായിരുന്നു അവിടുത്തെ കയികാധ്യാപകനായ ജോസ്‌ സാര്‍ ആണ് ജീവിതത്തില്‍ വഴിത്തിരിവായത്. ബിരുദ പഠനം കോഴിക്കോട് ദേവഗിരി കോളേജില്‍ ബി എ ഇക്കണോമിക്ക്സ് ആയിരുന്നു. ഇതേ സമയം കോഴിക്കോട് സായിയില്‍ എ ബോസിന്‍റെ ശിക്ഷണവും ഹോസ്റ്റല്‍ ജീവിതവും. ദക്ഷിണമേഖലാ ജൂനിയര്‍ മീറ്റില്‍ 10 കി മി നടത്തത്തില്‍ 3 വര്‍ഷവും സ്വര്‍ണം നേടാനായത്‌ മറ്റൊരു നേട്ടമായിരുന്നു. ബിരുദ പഠനത്തിന്‍റെ അവസാന വര്‍ഷം മദ്രാസ്‌ റെജിമെന്റ് സെന്‍ററില്‍ ജോലി കിട്ടി.  ഇന്‍റര്‍  സ്റ്റേറ്റ് സീനിയര്‍ മീറ്റിലെ വെള്ളി മെഡല്‍ ആദ്യത്തെ ദേശീയ അംഗീകാരമായിരുന്നു. പിന്നീട് ദേശീയ ഗെയിംസില്‍ നേടിയ നാലാം സ്ഥാനം മറ്റൊരു നേട്ടമായിരുന്നു. ആ ക്യാമ്പിന്‍റെ കോച്ച് ശ്രീ ഗുരുദേവ് ആണ് പിന്നീടുള്ള ജീവിതത്തെ മാറ്റിമറിച്ചത്.

കോളേജ് രാഷ്ട്രീയത്തെ കുറിച്ച് എന്ത് പറയുന്നു.?
പഠിക്കുന്ന കാലത്ത്‌ സീരിയസ് ആയിട്ടല്ലെങ്കിലും ഞാനും രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു..

അംഗീകാരങ്ങള്‍ കിട്ടി തുടങ്ങുന്നത് എപ്പോഴാണ്.?
സ്കൂള്‍ കാലഘട്ടത്തിനു ശേഷമാണു എന്നിലെ കായികതാരത്തെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്.

ഇഷ്ടപ്പെട്ട കായിക ഇനങ്ങള്‍?
ആദ്യമൊക്കെ ജാവലിനും ഡിസ്കസും ഹാമറും ഒക്കെ പരീക്ഷിക്കുമായിരുന്നു. ആദ്യമായി ജില്ലാതലത്തില്‍ നേട്ടം കൈവരിക്കാനായത് ഹാമര്‍ ത്രോയിലാണ്. റവന്യു ജില്ലാ സ്കൂള്‍ ചാമ്പ്യന്‍ഷിപില്‍ സീനിയര്‍ വിഭാഗം ഡിസ്കസില്‍ വെള്ളി നേടിയെങ്കിലും ചാമ്പ്യന്‍ഷിപ്പിനു പോയില്ല. പിന്നീട് ശ്രദ്ധിച്ചത് നടത്തത്തിലായിരുന്നു..

കുടുംബത്തെ പറ്റി?
ഉമ്മ, ഉപ്പ, 3 പെങ്ങന്മാര്‍,ഏട്ടന്‍, അനിയത്തി, ഇതാണെന്‍റെ കുടുംബം.ഇത്തമാരുടെയൊക്കെ കല്യാണം കഴിഞ്ഞു. ഏട്ടന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. അനിയത്തി 6 ആം ക്ലാസ്സ്‌ ല്‍ പഠിക്കുന്നു.

കായിക രംഗത്തേക്കപ്പുറത്തേക്കുള്ള ഇഷ്ടങ്ങള്‍?
കമ്പ്യൂട്ടര്‍ ഗെയിം ആണ് എന്‍റെ ഇഷ്ട വിനോദം.

കൂട്ടുകാര്‍ നല്‍കിയ പ്രചോദനം എങ്ങനെ സഹായിച്ചു?
സുഹൃത്തുക്കളും നാട്ടുകാരും വീട്ടുകാരും ഒരുപോലെ നല്‍കിയ പിന്തുണയാണ് എന്നെ ഇവിടം വരെ എത്തിച്ചത്.

നാടിനെ കുറിച്ച് ഇര്‍ഫാന് ഒരുപാട് പറയാനുണ്ടാകുമെന്നറിയാം. കുനിയിലിന്റെ മുത്ത് എന്നാണല്ലോ അവര്‍ താങ്കളെ വിശേഷിപ്പിക്കുന്നത്?
എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹായവും എന്നെ ഒരുപാട് സഹായിച്ചു. ഒളിമ്പിക്‌സ് കഴിഞ്ഞു തന്ന സ്വീകരണം എന്നെ ശരിക്കും ഞെട്ടിച്ചു.

ഇപ്പോള്‍ ജോലി ചെയ്യുന്നത് എവിടെയാണ്?
ഊട്ടിയിലെ മദ്രാസ്‌ റെജിമെന്റ് സെന്‍റെറില്‍.

എന്താണ് ഇര്‍ഫാന്റെ സ്വപ്‌നങ്ങള്‍?

ഒളിമ്പിക്‌സ് മെഡലാണ് ഏതു കായികതാരത്തിനെ പോലെയും എന്റെ സ്വപ്നം. ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്നതായിരുന്നു മുന്‍പ് ഇന്ത്യക്ക് വെളിയില്‍ ദേശീയ റെക്കോര്‍ഡ്‌ നേടാന്‍ ആയതിലൂടെ ആ മോഹം പൂവണിഞ്ഞു. ഇനി സ്വപ്നം ഒളിമ്പിക്‌സ് മെഡലാണ്.

റോള്‍ മോഡല്‍ ആയി ആരെങ്കിലും ഉണ്ടായിരുന്നോ?
ഇത് വരെ അങ്ങനെ ആരും ഇല്ല.

കല്യാണം?  പ്രണയം?
ഇത് വരെ അങ്ങനെ ഒന്നും തലയില്‍ കയറിയിട്ടില്ല.അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ 2012 ഒളിമ്പിക്‌സ്  സ്വപ്നത്തില്‍ ഉണ്ടാകുമായിരുന്നില്ല.

അടുത്ത ഒളിമ്പിക്‌സ് വരെ ഒന്ന് ഉണ്ടാവില്ലെന്നാണോ?
(ചിരിക്കുന്നു) അത് പറയാന്‍ പറ്റില്ല. മനസ്സിന്റെ കാര്യം അല്ലേ?.

ഒളിമ്പിക്‌സ് അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ?
രസകരമായ കുറെ അനുഭവങ്ങള്‍ ഉണ്ടായി. പ്രമുഖരായ കായിക താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനും ഭക്ഷണം കഴിക്കാനും ഒക്കെ സാധിച്ചത് മറക്കാനാവാത്ത അനുഭവങ്ങളാണ്. എല്ലാം പറഞ്ഞറിയിക്കാനാവാത്ത ഓര്‍മ്മകള്‍…

ബ്രിട്ടനെ കുറിച്ച്, ലണ്ടനെ കുറിച്ച് എന്താണ് പറയാനുള്ളത്. അവിടുത്തെ ആ സമയത്തെ കാലാവസ്ഥ ഏതെങ്കിലും തരത്തില്‍ പരിശീലനത്തെ ബാധിച്ചോ?
നല്ല രാജ്യം. കാണാന്‍ ഒരുപാടുണ്ട്. തണുപ്പായിരുന്നു പക്ഷെ മത്സരത്തിന്‍റെ മുന്‍പുണ്ടായിരുന്ന കാലാവസ്ഥ ഒരല്പം പേടിപ്പിച്ചു പക്ഷെ മത്സരത്തെ അതൊന്നും ബാധിച്ചില്ല.
ഒളിമ്പിക്‌സിലെ മറക്കാനാവാത്ത നിമിഷങ്ങള്‍ ഏതൊക്കെയാണ്?
28നു വിമാനം കയറി 29 നു എത്തിയത് മുതല്‍ 14 നു തിരിച്ചു കയറുന്നത് വരെയുള്ളതെല്ലാം മറക്കാനാവാത്ത ഓര്‍മകളാണ്….

വളര്‍ന്നു വരുന്ന കായികതാരങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടുന്നില്ല എന്ന പരാതിയോട് എങ്ങനെ പ്രതികരിക്കുന്നു?
ശരിയാണ്….ഒരാള്‍ ഉയരങ്ങളിലീക്കെത്തിയാല്‍ അവരെ പിന്തുണക്കാന്‍ ഒരുപാട് പേരുണ്ടാകും….പക്ഷെ ഉയര്‍ന്നു വരാനുള്ള സാഹചര്യങ്ങളാണ് ഉണ്ടാവേണ്ടത്….

ഈ അടുത്തു നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതിയിയുടെ മേളയായിരുന്നു…എങ്ങനെ പ്രതികരിക്കുന്നു ഇതിനോട്?
അറിയില്ല. ഞാന്‍ പങ്കെടുത്തിരുന്നില്ല…അടുത്ത തവണ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്…

ഹുസൈന്‍ ബോള്‍ട്ട്നെ പോലുള്ള വലിയ കായിക താരങ്ങല്‍ക്കൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു?
സംസാരിക്കനൊന്നും പറ്റിയില്ല..അവരുടെ പ്രകടനം നേരിട്ടു കണ്ടു. അതായിരുന്നു ഏറ്റവും വലിയ അനുഭവം.

സ്വീകരണ യോഗത്തില്‍ കേരള സര്‍ക്കാര്‍ ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നല്ലോ. എന്ത് തോന്നി?
സര്‍ക്കാര്‍ നല്‍കുന്ന എന്തും സ്വീകരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്…മറ്റു കാര്യങ്ങള്‍ പരിശീലന കേന്ദ്രത്തില്‍ പോയി കോച്ചുമായി ഡിസ്കസ് ചെയ്യേണ്ടതുണ്ട്. 
അടുത്ത ഒളിമ്പിക്‌സില്‍ ഞങ്ങള്‍ക്കൊരു മെഡല്‍ പ്രതീക്ഷിക്കാമല്ലോ അല്ലേ?
ദൈവം അനുഗ്രഹിച്ചാല്‍ തീര്‍ച്ചയായും..

ഉരുകിത്തിളച്ച ലാവ ഓരോ മലയാളിക്കും ഇന്ത്യക്കാരനും ഇര്‍ഫാന്‍റെ വാക്കുകള്‍ ആത്മവിശ്വാസം പകരുന്നു. ഒപ്പം ഒളിമ്പിക്സ്‌ മെഡലിലേക്ക് നടന്നു കയറുമെന്ന ഉറപ്പും. കായിക രംഗത്തോട് തികഞ്ഞ പ്രതിബദ്ധതയും ആത്മാര്‍ഥതയും കാത്തു സൂക്ഷിക്കുന്ന പ്രിയ താരത്തെ നമുക്കതിരുകളില്ലാതെ പിന്തുണക്കാം. കാരണം തീക്ഷ്ണമായ ജീവിത സാഹചര്യങ്ങളോട് പൊരുതി ഉരുകിത്തിളച്ച ലാവയാണത്. പ്രിയ ഇര്‍ഫാന്‍, നേട്ടങ്ങള്‍ക്കായി കാതോര്‍ക്കുന്നു. താങ്കള്‍ക്ക് ലോക മലയാളി സമൂഹത്തിന്റെ പിന്തുണ …പിന്തുണ ….പിന്തുണ …

Friday, June 15, 2012

ഒരു പുഞ്ചിരി കഥ

ഒരു മേല്‍കൂരയ്ക്ക് കീഴെ
വെണ്‍ മതിലുകള്‍ തീര്‍ക്കുമ്പോള്‍
ഒരു കുഞ്ഞു ലോകം പുഞ്ചിരിക്കുന്നൂ...

ഒരു സൂചി മുനയുടെ
വേദനയിലാണ് ഞാന്‍
ആ കുഞ്ഞരിപ്പല്ലുകളുടെ
ഉണങ്ങിയ വേരുകളെ തേടിയത്..

ഒറ്റ നോട്ടത്തില്‍ ,
ഒട്ടിയ വയറിന്റെ കീറല്‍
ഭൂതവും വര്‍ത്തമാനവും തന്നു ..

തൂവാല എത്താത്ത നാസിക വിടരവേ
ഒരു പറ്റം പരാജിതര്‍വന്നെത്തി നോക്കി
ഇല്ല,ഹരിശ്രീ കുറിച്ച നിന്റെ നാവിന്നു ചുറ്റും
കവിത പാകം ചെയ്യുന്നവര്‍ക്കിനി
പൂര്‍ണ സംരക്ഷണം എന്റെ ദൗത്യമാണ്

പഴങ്കഞ്ഞിയുടെ അവസാന വറ്റും
ദഹനയാത്രയ്ക്കൊരുങ്ങുന്നത്
എന്റെ യൗവനത്തെ തോല്പിച്ച നിന്റെ  
പശിമ നിറഞ്ഞ കണ്ണീര്‍ തുള്ളികളോട് 
വിട പറഞ്ഞു കൊണ്ടാവണം...

ദീര്‍ഘ നിശ്വാസങ്ങളുടെ ,
ഏതു ഇടവേളയിലാണ് കുഞ്ഞേ..
ഞാനെന്റെ ബാല്യം നിനക്ക് തന്നത് ...!

Wednesday, June 6, 2012

തിമിരം


പ്രണയം കണ്ണുകളിലാണെന്നു 
ആരോ പറഞ്ഞപ്പോള്‍
ഞാനനൊരു കണ്ണാടി തേടുകയായിരുന്നൂ..

ഇത് 'പീ' വാക്കുകളുടെ കാലം 
മകള്‍ അച്ഛന്..!
അമ്മ മകന്..!!
ദാഹശമനിയാകുന്ന,
നെറികെട്ട കാലഘട്ടം..!!!

പ്രണയം നടിക്കുന്നവന്റെ കണ്ണുകളെ 
സൂക്ഷ്മ ദര്‍ശനം നടത്തണം 
പലകുറി പാരായണം ചെയ്യണം 

ഉടഞ്ഞ കണ്ണാടി ചില്ലുകളില്‍ 
ഞാനും നിന്നെ തിരിച്ചറിഞ്ഞു
കണ്ണിലെ തിമിരവും...!!

Friday, May 25, 2012

Dead or Alive !

മുഖപുസ്തകത്താളില്‍ ,
മുഖം ചേര്‍ത്ത് വച്ചപ്പോള്‍
മുനവച്ച നോട്ടത്തിലെന്റെ 
തട്ടത്തിനുള്ളിലെ മുടിയുടെ
നിഴലിനും വധഭീഷണി ...!

കിരാതമായ മത വിപ്ലവങ്ങള്‍
പേനയ്ക്കുടയാട തുന്നുന്നത്
എന്നിലെ വിശ്വാസിയുടെ
ആറടി മണ്ണിന്നു വേണ്ടിയാണോ?

കരിമ്പനക്കാട്ടിലെ ശീല്‍ക്കാരങ്ങളേ..
എന്റെ ചെവിയുടെ പഴുതുകള്‍ക്ക്
രണ്ടറ്റമാണ്...!
ജീവിതം ചങ്ങലയ്ക്കിട്ടാലും
നാവിന്നു ജീവനുണ്ട്....!!

Tuesday, April 17, 2012

മൌനം

നിന്‍റെ കഴുകന്‍ കണ്ണുകള്‍ക്ക്‌
നീരൂറ്റികുടിക്കാനല്ല ഞാനെന്‍റെ ,
കവിതകള്‍ക്ക്‌ അഗ്നിപകര്‍ന്നത്.

ചിറകുകള്‍ കെട്ടിവച്ചു
നീയെന്‍റെ ഉയരങ്ങള്‍ക്ക്,
പരിതി നിര്‍ണയിച്ചു

മൌനം....വാചാലമാകവേ..
ചോദ്യചിഹ്നങ്ങളാല്‍ നീയെന്‍റെ,
ബലഹീനതകളെ ആയുധമാക്കി

ഓര്‍ക്കുക...!
ഈ മഹാ മൌനം ഞാന്‍
നിമഞ്ജനം ചെയ്യുമ്പോള്‍,
നിന്‍റെ വിലാപങ്ങള്‍ക്ക്‌ കാതോര്‍ക്കാന്‍
ആയിരം പറവകള്‍ വരും....!!

Sunday, January 1, 2012

ഇറക്കം

പരാജയങ്ങളുടെ പറുദീസയിലേക്ക്
പ്രണയം തന്ന പുതിയ അതിഥിയാണ്
ഓര്‍മ്മകള്‍..... !

കവിതകള്‍ കൊണ്ട് ഗാഡമായ് ചുംബിച്ച്‌
ചായകൂട്ടുകളില്‍ ഞാനെന്റെ സിന്ദൂരം തേടി ...

നീ എനിക്ക് ലഹരിയനെന്നു ഞാനറിഞ്ഞത്
ഓര്‍മ്മകള്‍ ജീവപര്യന്തം തീര്‍ക്കുമ്പോഴാണ്....

നിന്റെ ചിറകിന്റെ കീഴില്‍ ,
ഞാനെന്റെ ലോകം കൊതിച്ചു......
ഒടുവില്‍ അധിനിവേശങ്ങളില്‍ നമ്മള്‍
സങ്കീര്‍ണമായ മൌനം കാത്തുവച്ചു.....

മെയ്സിയാദെയെയും ഖലീല്‍ ജിബ്രാനേയും,
പ്രണയത്തിന്റെ പാഠപുസ്തകങ്ങളാക്കി ......

പച്ചയോടു പിണങ്ങിയും...
ചുവപ്പിനോട് ഇണങ്ങിയും..
നിറങ്ങള്‍ അക്ഷരങ്ങള്‍ക്ക്,
പ്രണയം കൈമാറിയപ്പോള്‍ ,
ഞാന്‍ അറിഞ്ഞില്ല സഖാവേ ....
ഓര്‍മകള്‍ക്ക് വാളിനേക്കാള്‍ മൂര്ച്ചയുണ്ടാവുമെന്ന്...

ജാതിയും മതവും തീര്‍ത്ത
വേലിപ്പടര്‍പ്പിലെ കാട്ടുപുല്ലിനാണോ,
പ്രണയ സ്വാതന്ത്ര്യം ...?

ആവാസ വ്യവസ്ഥകളോട് മത്സരിക്കനെന്റെ
പ്രണയത്തിന്റെ നിര്‍വചനങ്ങൽക്കായില്ല .

ഇന്ന് നിന്റെ ഓര്‍മ്മകള്‍ നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍...
ഞാന്‍ അറിയുന്നൂ.....
സ്നേഹം കണ്ണുകളിലൂടെ കവിളിലേക്കു
പടര്ന്നിറങ്ങുന്നത്.....!!!