Sunday, May 18, 2014

 കേന്ദ്ര സര്ക്കാരിന്റെ ഹെൽത്ത് സർവീസ് സ്കീം ഉള്ളത് കൊണ്ട് ക്ലിനികിൽ വരുന്ന അധികം രോഗികളും പ്രായമായവരാണ്..അതിൽ ദിവസവും മനസ്സില് തട്ടി കടന്നു പോവുന്ന ഒരു മുഖം എങ്കിലും ഉണ്ടാവും.കാശ്മീർ തൊട്ട് തമിൾ നാട് വരെ ഉള്ള എല്ലാ തരം ആളുകളെയും കാണാം.എല്ലാര്ക്കും പറയാൻ എന്തെങ്കിലും  കഥകളും ഉണ്ടാവും.അതിൽ പട്ടാളത്തിലെ ഉയര്ന്ന സ്ഥാനത്തിരുന്നിരുന്ന ആളുകളുടെ അക്ഷമയെ കുറിച്ചും പറയാതെ വയ്യ.ഓരോ ദിവസവും പുതിയ ചിന്തകള്ക്ക് വഴി നല്കുന്നു.എല്ലാ ചികിത്സയും കഴിഞ്ഞ് അവർ പോവുമ്പോൾ ഹൃദയം അറിഞ്ഞ് തരുന്ന ആ പുഞ്ചിരിയും അനുഗ്രഹവും മതി മറ്റെന്തിനെക്കാളും.പറഞ്ഞു വരുന്നത് അങ്ങനെ മനസ്സില് തട്ടിയ ഒരു നല്ല അമ്മയെ കുറിച്ചാണ്..
     ഉച്ച കഴിഞ്ഞുള്ള സമയം.പിറകിൽ  നിന്നൊരു വിളി...ഗുഡ് മോർണിംഗ് ഡോക്ടർ ..മറുപടിയായി ഞാൻ ഒന്ന് ചിരിച്ചപ്പോൾ കക്ഷി അബദ്ധം മനസ്സിലാക്കി ഗുഡ് ഈവെനിംഗ് ആക്കി..പേര് രാജലക്ഷ്മി..വയസ്സ് 75 ..നിർത്താതെ ഉള്ള ചോദ്യങ്ങള്ക്ക് ക്ഷമയോടെ മറുപടി പറയുമ്പോൾ തന്നെ ആ അമ്മ മാനസിക അസ്വസ്തഥ അനുഭവിക്കുന്നതായി മനസ്സിലാക്കാനാവുമായിരുന്നു.മുന്നിലെ പല്ല് പോയത് കൊണ്ട് വ്യക്തമായി സംസാരിക്കാനാവുന്നില്ല  എന്നതായിരുന്നു പ്രധാന പരാതി .എല്ലാം ശരിയാക്കി തരാമെന്ന എന്റെ ഉറച്ച വാക്കാണെന്നു തോന്നുന്നു അവരെന്നെ ചേര്ത്തു കെട്ടി പിടിച്ചു .ഒരു പക്ഷെ ജീവിതത്തിലെ ഏതെങ്കിലും താങ്ങാനാവാത്ത നിമിഷത്തിൽ കൈവിട്ടു പോയതാവണം അവരുടെ മാനസിക നില. ഭര്ത്താവ് ജീവിച്ചിരിപ്പില്ല  .കൂടെ വന്ന മകൻ കാരണമില്ലാതെ അവരെ ശകാരിക്കുന്നുണ്ട് .എങ്കിലും അവര് ഹാപ്പി ആണ് .പുതിയ പല്ല് കിട്ടുന്നതിന്റെ സന്തോഷം..ഒരു ടെൻഷനും ഇല്ലാതെ ചിന്തകളെ മനസ്സിന്റെ ഏതോ കോണിൽ പൂട്ടിയിട്ട് ജീവിക്കാൻ കഴിയുന്ന അവരെ പോലുള്ളവരാകും ഈ ലോകത്തിൽ ഭാഗ്യവാന്മാരും ഭാഗ്യവതികളുമെന്നു ഒരു നിമിഷം തോന്നി.ആയുസ്സ് ബാക്കി ഉണ്ടെങ്കിൽ എനിക്കും യൗവനത്തിനപ്പുറത്ത് ഒരു വാർദ്ധക്യം ഉണ്ടല്ലോ ..മനസിന്‌ വല്ലാതെ പ്രായമായ പോലെ...

Wednesday, May 7, 2014

ദന്ത പരിചരണം കുട്ടികളില്‍

വശ്യമായ പുഞ്ചിരിയാല്‍ ആകര്‍ഷിക്കുന്നവരാണ് കുട്ടികള്‍ .അത് കൊണ്ട് തന്നെ അവരുടെ ദന്ത പരിചരണത്തിലും സവിശേഷ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട് .പാല്‍ (primary teeth) പല്ലുകള്‍ എന്ന ഗണത്തില്‍ ഇരുപതു പല്ലുകളാണ് ഒരു കുഞ്ഞിനുണ്ടാവുക. ഘടനയിലും എണ്ണത്തിലും ഇത് സാധാരണ പല്ലുകളില്‍ നിന്നും വ്യത്യസ്തമാണ്.ലോകജനസംഖ്യയില്‍ 90 ശതമാനത്തിലധികം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ദന്തരോഗബാധയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ ഇക്കാര്യത്തില്‍ മുതിര്‍ന്നവരേക്കാള്‍ മുന്നില്‍ നില്ക്കുന്നു.
കുഞ്ഞരിപ്പല്ലുകളുടെ ജനനം
ആറു മാസം മുതലാണ്‌ പാല്‍ പല്ല് (primary teeth) മുളയ്ക്കാന്‍ തുടങ്ങുക . ആറു വയസ്സ് മുതല്‍ സാധാരണ പല്ലുകളും (permanent tooth) വരാന്‍ തുടങ്ങുന്നു.കുഞ്ഞുങ്ങളുടെ ഓരോ പാല്‍ പല്ലും ഇളകാന്‍ തുടങ്ങുന്നത് താഴ്ഭാഗത്തായി സ്ഥിരമായി വായിലുണ്ടാകേണ്ട പല്ലുകള്‍ (permanent tooth) വരാന്‍ തുടങ്ങുമ്പോഴാണ്. എന്നാല്‍ ചില കുഞ്ഞുങ്ങളില്‍ ജനിക്കുമ്പോള്‍ത്തന്നെ പല്ലുകള്‍ കണ്ടുവരാറുണ്ട്. ഇവ നേറ്റല്‍ പല്ലുകള്‍ (natal teeth) എന്നറിയപ്പെടുന്നു. ചില കുഞ്ഞുങ്ങളില്‍ , ജനിച്ച് 30 ദിവസത്തിനകം പല്ലുകള്‍ മുളച്ചുവരും. ഇവ നിയോനേറ്റല്‍ റ്റീത്ത് (neonatal teeth) എന്നറിയപ്പെടുന്നു.ചില അവസരങ്ങളില്‍ 6 മാസത്തിനുമുമ്പ് പല്ലുകള്‍ മുളച്ചു തുടങ്ങാറുണ്ട്. മറ്റു ചിലപ്പോള്‍ രണ്ടോ മൂന്നോ മാസംകൂടി താമസിച്ചു മാത്രമേ പല്ലുകള്‍ മുളച്ചു തുടങ്ങുകയുള്ളൂ. ഇത് അത്ര ഗൌരവമായി കണക്കാക്കേണ്ടതില്ല.ജനിക്കുമ്പോഴുണ്ടാകുന്ന പല്ലുകള്‍ മുലയൂട്ടുമ്പോള്‍ പ്രയാസമുണ്ടാക്കുന്നു എങ്കില്‍ ഇവ എടുത്തു കളയുന്നതില്‍ തെറ്റില്ല.പല്ല് മുളയ്ക്കുന്ന ഘട്ടത്തില്‍ കുഞ്ഞുങ്ങളില്‍ പനി, ഉറക്കമില്ലായ്മ ,വിശപ്പില്ലായ്മ , തുടര്‍ച്ചയായ കരച്ചില്‍ എന്നിവ കാണപ്പെടാറുണ്ട്. സ്ഥിരമായി വരുന്ന പല്ലുകളുടെ (permanent tooth) വലിപ്പം പാല്‍ പല്ലുകലുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലുതാണെന്ന് തോന്നിക്കുമെങ്കിലും താടിയെല്ലുകളുടെ ക്രമാനുസൃതമായ വളര്ച്ചയ്ക്കൊപ്പം ഇത് അവരുടെ മുഖത്തിന്‌ ചേര്‍ന്നതായി മാറുന്നു.
പാല്‍പ്പല്ലുകള്‍ മാറി സ്ഥിരം പല്ലുകള്‍ വരുന്ന പ്രായത്തില്‍ (9 വയസ്സു മുതല്‍ 12-13 വയസ്സുവരെയുള്ള പ്രായം) പല്ലുകളുടെ നിരയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഘട്ടമാണ് .മേല്‍ത്താടിയിലെ മുന്‍വരിപ്പല്ലുകള്‍ പൊങ്ങിയും വിടവുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഈ അവസരത്തില്‍ പല്ലുകള്‍ കാണാന്‍ ഭംഗിക്കുറവുണ്ടാകും. ഇത് താത്കാലികമായ ഒരു അവസ്ഥയാണ്. അതിനാല്‍ ഇത്തരം അവസ്ഥയെക്കുറിച്ച് ഒട്ടും അസ്വസ്ഥരാകേണ്ടതില്ല. ഇതിന് പ്രത്യേക ചികിത്സയും ആവശ്യമില്ല. ഈ താത്കാലിക അവസ്ഥയെ ‘ugly duckling stage’ എന്നു പറയുന്നു.
പുഴുപ്പല്ലുകള്‍
കറുത്ത കുത്തുകളായിട്ടാണ് പോടുള്ള പല്ലുകള്‍ ആദ്യം കാണപ്പെടുക.ഈ ഘട്ടത്തില്‍ തന്നെ ഒരു ഡെന്റല്‍ ഡോക്ടര്‍റെ കണ്ട് അത് സാധാരണ രീതിയില്‍ അടച്ചു തീര്‍ക്കാവുന്നതാണ്.അധികം വൈകാതെ തന്നെ ഈ കേടു താഴോട്ടിറങ്ങി പല്ലിന്റെ രക്തയോട്ടം വരുന്ന ഭാഗം വരെ എത്തുമ്പോഴേക്കും കുഞ്ഞിനു വേദനയും വീക്കവും വന്നു തുടങ്ങുന്നു.മുതിര്ന്നവരുടേത് പോലെ കുഞ്ഞുങ്ങള്‍ക്കും റൂട്ട് കനാല്‍ അഥവാ വേരു ചികിത്സ ചെയ്യാവുന്നതാണ്.പല്ല് എടുത്തു കളയുക എന്നതാണ് പഴുപ്പ് വന്നാലുള്ള മറ്റൊരു ഓപ്ഷന്‍ .പക്ഷെ വരാനുള്ള പല്ലുകളുടെ നിരതെറ്റാന്‍ ഇത് കാരണമാവാറുണ്ട് .
മുന്‍കരുതല്‍
കുഞ്ഞുങ്ങളെ കൊണ്ട് ഡെന്റല്‍ ക്ളിനിക്കുകള്‍ സന്ദര്‍ശിക്കുന്ന മാതാപിതാക്കള്‍ പലപ്പോഴും കുട്ടികളുടെ മനസ്സിലുണ്ടാവുന്ന ചിന്തകളെ സംബന്ധിച്ച് വേണ്ടത്ര ആലോചിച്ചു കാണാറില്ല .ഇഞ്ചക്ഷനെ ഭയന്ന് പല്ലു വേദനയെ കുറിച്ച് മിണ്ടാന്‍ പോലും ഭയക്കുന്നു നമ്മുടെ കുട്ടികള്‍ .സ്വാഭാവികമായും തക്ക സമയത്തു കിട്ടേണ്ട ചികിത്സയാണ് ഇതിലൂടെ നഷ്ടമാകുന്നത്. ഒരിക്കലും മുതിര്‍ന്നവരെ ചികിത്സയ്ക്കു കൊണ്ടു പോകുമ്പോള്‍ കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളെ ഒപ്പം കൂട്ടരുത് .പലരോഗങ്ങള്‍ പടരാന്‍ ഇതു കാരണമാക്കുന്നു .
ആറുമാസം കൂടുമ്പോള്‍ ഒരു ദന്ത ചികിത്സകനെ കണ്ടുള്ള പരിശോധന , രോഗം വരാതെ നോക്കാന്‍ ഉപകരിക്കുന്നു. fluoride application പോലുള്ള മുന്കരുതല്‍ ചികിത്സകള്‍ പല്ലുകള്‍ മുളയ്ക്കുന്ന സമയത്ത് തന്നെ ചെയ്യേണ്ടതുണ്ട്. കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി നിര്മിക്കപ്പെടുന്ന മരുന്നുകളും ഭക്ഷണ സാധനങ്ങളും അവരെ അതിലേക്കാകര്ഷികാന്‍ മധുരം കൂടുതല്‍ ഉള്ളവയായിരിക്കും.എന്ത് കഴിച്ചാലും വായ കഴുകിപ്പിക്കുക എന്ന ശ്രമകരമായ ജോലി കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. മധുരം പല്ലിനെ കേടുവരുത്തുന്ന ബാക്ടീരിയകള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു .പ്രത്യേകിച്ച് പാല്‍ കുപ്പി വായില്‍ വച്ചുറങ്ങുന്ന ശീലം ഒഴിവാക്കണം.
വിരല്‍ ഊറുന്ന ശീലം പല്ലിന്റെ ക്രമീകരണത്തെയും വായുടെ ശരിയായ വളര്‍ച്ചയെയും ബാധിക്കും. കുട്ടികളുടെ മുന്‍വരിപ്പല്ലുകള്‍ക്ക് തള്ളല്‍, പല്ലുകള്‍ക്കിടയില്‍ വിടവ്, ഉഛാരണ ശുദ്ധിക്കുറവ് , വായ് അടയ്ക്കുമ്പോള്‍ താഴത്തെ നിരയിലെയും മുകളിലത്തെ നിരയിലെയും പല്ലുകള്‍ കടിച്ചുപിടിക്കാന്‍ കഴിയാതെവരല്‍ തുടങ്ങിയവ കണ്ടുവരുന്നു.അതിനാല്‍ ഈ ശീലം മാറ്റി എടുക്കേണ്ടതുണ്ട്.
പല്ല് തേപ്പു യജ്ഞം
മുതിര്‍ന്നവര്‍ / കുട്ടികള്‍ വ്യത്യാസമെന്യേ പല്ലു തേപ്പിന്റെ ദൈര്‍ഘ്യം , ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് ഇവയ്ക്കൊന്നും ദന്ത സംരക്ഷണവുമായി ബന്ധമില്ല .എങ്ങനെ പല്ല് തേക്കുന്നു എന്നതിലാണ് ശ്രദ്ധ കൊടുക്കേണ്ടത്. തെറ്റായ രീതിയിലുള്ള ബ്രഷിങ്ങ് ആണ്., bleeding gums പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാവുന്നത്.വായില്‍ പല്ല് മുളച്ചു വന്നു തുടങ്ങുമ്പോള്‍ കുട്ടികള്‍ക്കായി രൂപകല്പന ചെയ്തിട്ടുള്ള ചെറിയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കണം. ആദ്യത്തെ പല്ല് മുളച്ചുതുടങ്ങുമ്പോള്‍ മുതല്‍ ബ്രഷ് ചെയ്യന്‍ തുടങ്ങാം. ചെറിയ കുട്ടികള്‍ക്ക് രണ്ടരവയസ് വരെ ബ്രഷ് ചെയ്തു കൊടുക്കണം. ടൂത്ത് പേസ്റ്റ് തീരെ കുറച്ച് ഉപയോഗിച്ചാല്‍ മതിയാകും. വെള്ളം കുലുക്കിത്തുപ്പാന്‍ കുട്ടി പഠിച്ചുകഴിഞ്ഞാല്‍ (ഏകദേശം രണ്ടര മൂന്നു വയസ്സ് കഴിയുന്നതോടെ) ഒരു പയര്‍ മണിയുടെ വലിപ്പത്തില്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം.രാവിലെയും രാത്രി കിടക്കുന്നതിനു മുന്പും പല്ലുതേപ്പിക്കാന്‍ ശ്രദ്ധിക്കണം.ബ്രഷിന്റെ നാരുകള്‍ വലിയുന്നത് വരെ മാത്രമേ ഉപയോഗിക്കാവു.രണ്ടു മാസം കൂടുമ്പോള്‍ ബ്രഷ് മാറ്റുന്നതാണ് ഉത്തമം .
ഹൃദയം തുറന്നു ചിരിക്കണമെന്ന് തോന്നുമ്പോള്‍ ആരോഗ്യമുള്ള പല്ലുകള്‍ കൂടി ഉണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിക്കാത്തവരാരാണ് . അത് കൊണ്ട് തന്നെ ദന്ത നിരകളുടെ പരിചരണം പല്ല് മുളയ്ക്കുന്നതിനു മുന്പേ തുടങ്ങേണ്ടതുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ ദന്ത സംരക്ഷണ ബോധം വളര്ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ ദാന്താരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനാകും .
References:
Principles and practices of pedodontics by Arathi Rao
Text book of pedodontics  by Shobha Tando
Wikipedia

Sunday, February 9, 2014

ആലീസിനോട്‌


' കളിമുറ്റങ്ങള്‍ ..
നെല്ലിക്കാത്തുണ്ട് ..
പലനിറവളകള്‍ ..
കുസൃതികള്‍ .. 
സംശയങ്ങള്‍ 
ഓര്‍മ്മപ്പെടുത്തലുകള്‍ 
അന്വേഷണങ്ങള്‍ 
കുഞ്ഞു ചോദ്യങ്ങള്‍ .. 

അല്ലയോ ' ആലീസ് ' ;
തുറന്നു പിടിച്ച  ജീവിതത്തിലേക്ക്   
 അടഞ്ഞു കയറുന്ന ജനാലകളെ    ..
എത്ര കിനാക്കളാല്‍ 
നീ നീക്കിപ്പിടിക്കും .. 

വാതുവെയ്പ്പുകാരുടെ  കൌശലങ്ങളില്‍ ,
അഴിഞ്ഞു പോയ മടിക്കുത്തില്‍ ,
അടയാളമൊഴിച്ചു പോയോരുടെ
 കാലടികളില്‍ ,
എപ്പോഴാണൊരു സൂചിയാകാനാകുക  .

വസന്തത്തേക്കാള്‍ വരള്‍ച്ചയെ സ്നേഹിക്കാം .
ഒറ്റ നോട്ടത്താല്‍ 
കരിച്ചിടാമല്ലോ .. ;
തുളഞ്ഞു കയറിയ മാംസപിണ്ഡത്തെ ..
ഭയപ്പെടുത്തുന്ന നോട്ടങ്ങളെ ..
വിലങ്ങുകളെ .. 
വിലാപങ്ങളെ പൂട്ടിയിട്ട ചങ്ങലകളെ... 
അടിമപ്പെടുത്തിയ ' ചാരിത്രത്തെ '.. 
അവര്‍ക്കായ് മാത്രം പ്രകാശിക്കും സൂര്യനെ... 
ഭാഷയെ .. 
പ്രയോഗങ്ങളെ .. 
പ്രയോജകരെ .. 
അവരുടെ ചിഹ്നങ്ങളെ.. 

ആലീസ് ,
നിന്റെ സ്വപ്നങ്ങളില്‍ 
ഒരു തീക്കാറ്റു വീശുന്നുണ്ടോ !

Monday, December 23, 2013

സിനിമ നൈജീരിയയെ വരയ്ക്കുമ്പോൾ

      തൊണ്ണൂറുകൾക്കും രണ്ടായിരത്തിനുമിടയിലാണ് ലോകത്തിന്റെ ചലച്ചിത്ര ഭൂപടത്തിലേക്ക് നൈജീരിയൻ സിനിമകൾ വ്യാപകമായി ചുവടുറപ്പിക്കുന്നത്. ' നോളിവുഡ് ' എന്ന് പരക്കെ അറിയപ്പെടുന്ന നൈജീരിയൻ സിനിമകളുടെ പ്രമേയങ്ങൾ സങ്കീർണ്ണവും സവിശേഷവുമായ നവ ഉദാരവൽകൃത നൈജീരിയൻ സാമൂഹ്യ ഘടനയുടെ സദാചാര സംബന്ധമായ ആശയ അവ്യക്തതകളെ ആലേഖനം ചെയ്യുന്നവയാണ്.

     പതിനെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ നൈജീരിയൻ സിനിമകളുടെ പാക്കേജ് പ്രദേശത്തിന്റെ സാമൂഹ്യവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ വൈവിധ്യങ്ങളെ അതിശക്തമായി ആവിഷ്ക്കരിക്കുന്നവയാണ്. Kunle Afolayan സംവിധാനം നിർവ്വഹിച്ച 'The Figure' രണ്ടു സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് പുരോഗമിക്കുന്നത്. ദേശീയ യുവജന സേവാ ക്യാമ്പിൽ പങ്കെടുക്കാനെത്തുന്ന ഇവർക്ക് വനത്തിനുള്ളിലെ പരമ്പരാഗത ആരാധനാ കേന്ദ്രത്തിൽ നിന്നും ഒരു പ്രതിഷ്ഠ ലഭിക്കുന്നു. ഇരുവരിൽ ഒരാൾ ഇത് സ്വന്തമാക്കാൻ തീരുമാനിക്കുന്നു. ഏറെ പ്രത്യേകതകളുള്ള പ്രതിഷ്ഠ കൈവശം സൂക്ഷിക്കുന്നവരാരോ അവരുടെ ആദ്യ ഏഴുവർഷങ്ങൾ ഭാഗ്യസമ്പന്നവും ശിഷ്ട ഏഴു വർഷങ്ങൾ ദുരിതപൂർണ്ണവുമായിരിക്കും. Araromire ൽ പ്രചാരത്തിലുള്ള ഐതിഹ്യവുമായി ബന്ധപ്പെട്ട ചിത്രത്തിന്റെ പ്രമേയം വിവിധ കഥാപാത്രങ്ങളുടെ വ്യക്തിജീവിതളിലെ ഉയർച്ച താഴ്ച്ചകൾ  വിവിധ സാമൂഹ്യ സ്ഥാപനങ്ങളിൽ എങ്ങിനെ പ്രതിഫലിക്കുന്നു എന്നത്തിന്റെ നേരുദാഹരണമായി മാറുന്നു.

  Tunde Kelani സംവിധാനം നിർവ്വഹിച്ച THUNDERBOLT തെക്കൻ നൈജീരിയയിലെ  IGBO വംശജയായ യുവതിയുടേയും YORUBA  വംശജനായ യുവാവിന്റെയുംകഥയാണ്ദൃശ്യവൽക്കരിക്കുന്നത്.പ്രണയവും വിവാഹത്തിലേക്കുള്ള അവരുടെ സ്വാഭാവിക സഞ്ചാരവും വിവാഹേതര ബന്ധങ്ങൾ , പരസ്പ്പര വിശ്വാസം , പരമ്പരാഗത അറിവുകൾ , ആധുനികത തുടങ്ങിയവയുമായല്ലാം ബന്ധപ്പെട്ട സംവാദങ്ങളിലേക്ക് നയിക്കുന്നു. KENNETH GYANG    സംവിധാനം നിർവ്വഹിച്ച CONFUSION NA WA, ഇരുപത്തിനാലു മണിക്കൂറുകളിൽ യാദൃശ്ചികമാംവിധം പരസ്പര ബന്ധിതമാകുന്ന അപരിചിതരുടെ കഥ പറഞ്ഞ് മേളയെ സമ്പുഷ്ടമാക്കുന്നു.

Saturday, December 14, 2013

ഒരു നോമ്പ് കാലത്ത്




കശാപ്പുശാലയുടെ നിഗൂഡതയിലെ
മാംസപിണ്ഡത്തിനു
പെണ്ണിന്റെ ഗന്ധമാണ്..

വ്യാപാര തലങ്ങളുടെ ബാഹ്യ രൂപം
പച്ചിലക്കെട്ടാല്‍.......
രുചിഭേദങ്ങളെ മാടിവിളിച്ചു..

മനുഷ്യ താപമേറ്റ്
പാതി വെന്ത മാംസവും
ഒരു കോലില്‍ കുത്തി വച്ചിട്ടുണ്ട്

പാദസരമിട്ട ഇളം കുളമ്പ്
ഒരു മുഴം കയറില്‍ തൂങ്ങിയാടുന്നത്
ഇനിയും ഒടുങ്ങാത്ത ദാഹത്തിനാണ്..

അംഗവിക്ഷേപം ചെയ്ത
പച്ചമാംസം നീതിയെ നോക്കി
ചോരതുപ്പി...!

കച്ചവടം പൊടിപൊടിക്കുന്നുണ്ട്
വിലയല്പം കൂടിയാലെന്താ?
ഇത് പെണ്ണിറച്ചിയല്ലേ...!!

Monday, December 2, 2013

"പെണ്ണിറച്ചി രുചിച്ചു ഭുചിക്കുന്നവരോട് "

                    
             സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ  അതിക്ക്രമണങ്ങള്‍  അനുദിനം  വര്‍ദ്ധിക്കുകയാണ് . ഭരണഘടന ഉറപ്പു  നല്‍ന്ന തുല്യ നീതിയും അവസര സമത്വവും നിഷേധിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. സ്ത്രീകളുടെ ജീവനും  സുരക്ഷയും  സമാധാനപൂര്‍ണ്ണമായ ജീവിതവും ഉറപ്പാക്കേണ്ട  ഭരണകൂടം അതു   ഫലപ്രദമമായി നടപ്പിലാക്കുന്നതില്‍ നിരന്തരം പരാജിതമാകുന്നതിന്റെ ഉദാഹരണങ്ങള്‍ രാജ്യമാസകലം സ്ത്രീകള്‍ക്കു നേരെ നടക്കുന്ന കടന്നാക്ക്രമണളുടെ പാശ്ചാത്തലത്തില്‍ പൊതു ലോകം തിരിച്ചറിയുന്നു. അതീവ സങ്കീര്‍ണ്ണവും ഗുരുതരവുമായ പ്രസ്തുത സാഹചര്യം വ്യവസ്ഥിതിയുടെ പുനരവലോകനവും പുനക്രമീകരണവും ആവശ്യപ്പെടുന്നു . സ്ത്രീകളുടെ സ്വാതന്ത്ര്യവും    മനുഷ്യാവകാശങ്ങളും ജലരേഖയാകുന്ന ഓരോ അനുഭവത്തിനും വ്യവസ്ഥാപിതവല്‍ക്കരണത്തിനും കമ്പോളവല്‍ക്കരണത്തിനും വിധേയമായ മത - ഭരണ - നീതിന്യായവ്യവസ്ഥകള്‍ ഉത്തരവാദികളാണ്. 


 "എനിക്ക് പഠിക്കണം  ,ഇതെന്റെ സമ്മതം ഇല്ലാതെ നടന്ന വിവാഹമായിരുന്നു.."
- കോഴിക്കോട്ടെ പെണ്‍കുട്ടി - 

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി നിജപ്പെടുത്തുന്ന  സര്‍ക്കാര്‍ ഉത്തരവിന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങള്‍ പെണ്‍കുട്ടികളില്‍ പൊതുവിലും കുടുംബങ്ങളെ വിശേഷിച്ചും എങ്ങിനെ ബാധിച്ചിരിക്കുക എന്നത് ചുങ്കത്തറയില്‍ നടന്ന നിയമവിരുദ്ധ അറബിക്കല്യാണണത്തിന്റെ പശ്ചാത്തലത്തില്‍ സൂക്ഷ്മ തല വിശകലനങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്. ചുങ്കത്തറ ദാറുന്നജാത്ത് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ  നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അറബിക്ക് കോളേജില്‍ വെച്ചാണ് തിരുവനന്തപുരം നന്തന്‍കോട് സ്വദേശിനിയും കോഴിക്കോട്ടെ സിയസ്ക്കോ യത്തീംഖാന അന്തേവാസിയുമായ പതിനേഴുകാരി യുവതിയെ ചുങ്കത്തറയിലെത്തിച്ച് 26 കാരനായ സൗദി  യുവാവ്  അല്‍ഹിന്ദ്‌ വയാഹ് അബ്ദുള്‍ മജീദ്‌ദിന് വിവാഹം ചെയ്തു കൊടുത്തത്. വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി മണിമൂളി സലഫി മസ്ജിദ് രേഖകളും   സാക്ഷ്യപ്പെടുത്തുന്നു. 16 ദിവസം പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഇയ്യാള്‍ നാട്ടിലേക്കു  മടങ്ങുകയായിരുന്നു.ചെറുപ്പത്തില്‍ തന്നെ ഉപ്പയെ നഷ്ടമായ പെണ്‍കുട്ടി ഏറെ കഷ്ടപ്പെട്ടാണ് പഠിച്ചത്. തുണികള്‍ തയ്ച്ച് വീടുകളില്‍ കൊണ്ടുപോയി വില്‍ക്കുന്ന ജോലിയായിരുന്നു ഉമ്മയ്ക്ക്. ദാരിദ്ര്യം താങ്ങാനാകാതെയാണ് മകളെ കോഴിക്കോട് മുഖദാറിലുള്ള യത്തീംഖാനയില്‍ ചേര്‍ത്തത്. ഒന്നാംക്ലാസ് മുതല്‍ ഈ അനാഥാലയത്തിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്.  കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ 70 ശതമാനത്തിലേറെ മാർക്കു നേടി . വീണ്ടും പഠിക്കണമെന്നും നല്ലൊരു ജോലി നേടണമെന്നും ആഗ്രഹിച്ച പെണ്‍കുട്ടിയെ യത്തീഖാന അനധികൃതരും മറ്റുള്ളവരും ചേര്‍ന്ന് അറബിക്കല്ല്യാണത്തിനു  ബലിനൽകുകയായിരുന്നു . വരന്‍ അറബിയാണെന്ന കാര്യം മറച്ചുവെച്ചാണ് അനാഥാലയം അധികൃതര്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട്ടെ മര്‍ക്കസുദ്ധഅ്‌വ എന്ന സ്ഥാപനം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യു.എ.ഇ പൗരനായ ജാസിം മുഹമ്മദ് എന്നയാളുടെ പേരിനൊപ്പം മേല്‍വിലാസമായി നല്‍കിയിരിക്കുന്നത് എടയത്തുകുഴി പറമ്പ് നായിപ്പാലം കല്ലായി കോഴിക്കോട് എന്നാണ്.

 പെണ്‍കുട്ടിയുടെ ഉമ്മ സംസ്ഥാന മനുഷ്യാവകാശക്കമ്മീഷനു നല്‍കിയ പരാതി ഞെട്ടിക്കുന്നതാണ്. യത്തീംഖാനയിലേക്കു  വിളിച്ചുവരുത്തിയാണ് വിവാഹക്കാര്യം സംസാരിച്ചത്. അറബിയായതിനാല്‍ വിവാഹത്തിനു തയ്യാറായിരുന്നില്ല. തുടര്‍ന്ന് മകളെ യത്തീംഖാനയില്‍ നിന്നും ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹത്തിനു സമ്മതിച്ചാല്‍ വ്യക്തിപരമായും യത്തീംഖാനക്കും ഗുണമുണ്ടാകുമെന്നുമുള്ള സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹത്തിനു തയ്യാറായതെന്നും പിന്നീട് യത്തീംഖാന അധികൃതര്‍ വെള്ളപ്പേപ്പറില്‍ ഒപ്പിടിവിച്ചു വാങ്ങുകയും വിവാഹശേഷം മകളെ കാണാനനുവദിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടി ശിശുക്ഷേമസമിതിക്കു നല്‍കിയ പരാതിയിലൂടെ വിവരങ്ങള്‍ പൊതുലോകമറിയുകയായിരുന്നു. പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രണ്‍സ്  ഫ്രം സെക്സ്വൽ ഒഫൻസ്‌ ആക്ട് 7 , 8 പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത് . നിലവിലെ വകുപ്പുകൾ പ്രകാരം 3  മുതൽ 5 വർഷം വരെ തടവു ശിക്ഷയാണു ലഭിക്കുക. 5 , 6 വകുപ്പുകൾ കൂടി ചേർത്തിരുന്നെങ്കിൽ ജീവപര്യന്തമോ പത്തു വർഷത്തിൽ കുറയാതെ തടവോ ലഭിക്കുമായിരുവെന്ന് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

ജില്ലാ സാമൂഹ്യ ക്ഷേമ സമിതിയുടെ തെളിവെടുപ്പില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്പ്രായം സർക്കാർ  പതിനാറാക്കിയ പശ്ചാത്തലത്തിലാണ് വിവാഹം നടത്തിക്കൊടുത്തതെന്ന് യത്തീംഖാന അധികൃതർ  മൊഴി നല്‍കിയിരിക്കുന്നു. സ്വാഭാവികമായും ഇത്തരമൊരു നിയമനിർമ്മാണത്തിനു നേതൃത്വം നൽകിയ യൂ ഡി എഫിനും ബന്ധപ്പെട്ട കുറ്റകൃത്യത്തിൽ ധാർമ്മിക പങ്കാളിത്തമുണ്ട് . ബന്ധപ്പെട്ട മതസ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റു ഹാജരാക്കിയാല്‍ 18 തികയാത്ത പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തുകൊടുക്കണമെന്നാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാരോട് ആദ്യ സർക്കുലറിലൂടെ നിര്‍ദേശിച്ചിച്ചത് . എന്നാൽ ഇത് വിവാദമായ പശ്ചാത്തലത്തിൽ പിന്നീട് പുതുക്കിയ സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു. നിർധനയും നിരാലംബയുമായ പെണ്‍കുട്ടിയെ യാത്തീംഖാനയുടെ കാർമ്മികത്വത്തിൽ  തന്നെ പീഡനത്തിനു വിധേയമാക്കിയിട്ടും മുസ്ലിം ലീഗും ഇതുവരെ പ്രതികരിച്ചിട്ടില്ല !

കേരളത്തിലാകെ 18 വയസ്സിനു മുൻപ് വിവാഹിതരാകുകയും വിവാഹമോചിതരാകുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം ആഴങ്കാജനകമാംവിധം വർദ്ധിക്കുകയാണ്. വിവാഹ മാർക്കറ്റിൽ പെണ്ണിന്റെ പ്രധാനമായ ഡിമാന്റ് മൂലകമാണ് പ്രായം. തൊഴിൽ , വിദ്യാഭ്യാസം തുടങ്ങിയവ നിലവിലെ നെറികെട്ട സാമൂഹ്യവ്യവസ്ഥിതിയുടെ സവിശേഷതകളാൽ പരിഗണിക്കപ്പെടുന്നതേയില്ല. സ്വാഭാവികമായും മൂപ്പേറും മുൻപേ കെട്ടിച്ചു വിടുകയെന്നതാണ് സ്ത്രീധനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനുള്ള പ്രധാന മാർഗ്ഗം . ആഗോളീകരിക്കപ്പെട്ട പൊതുജീവിതത്തിന്റെയും ധനമൂലധന ശക്തികളുടെ ബാലാബലങ്ങളുടേയും ഗുണിത ഹരിതങ്ങളിലാണ് മതഭേദമെന്യേ ഓരോ പെണ്‍കുട്ടിയുടെ ജീവിതവും. തിരഞ്ഞെടുക്കലുക്കൾക്കുള്ള സ്വാതന്ത്രമോ അഭിപ്പ്രായപ്രകടനത്തിനുള്ള ന്യായമായ അവസരങ്ങളോ അവൾക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ബന്ധങ്ങൾ രൂപപ്പെടുന്നതും നിലനിൽക്കപ്പെടുന്നതുമെല്ലാം സാമ്പത്തിക മാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കൃത്യമായി കാണാനാകും. വിവാഹപ്പ്രായം സംബന്ധിച്ച് സർക്കാർ പ്രസിദ്ധീകരിച്ച ഉത്തരവ് അടിമുടി അശാസ്ത്രീയവും അബദ്ധജലിടവുമാണ്. അത്തരം ഒരു നിയമനിർമ്മാണം നടപ്പിലാക്കുമ്പോൾ അതെങ്ങിനെയാണ് കേവലം മുസ്ലിം പെണ്‍കുട്ടികൾക്കുമാത്രമായി നിജപ്പെടുത്തുക ? ഇതര മതവിഭാഗങ്ങളിൽ നിന്നും വിഭിന്നമായി മുസ്ലിം പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ തലങ്ങൾക്ക് എന്തു വ്യത്യാസമാണുള്ളത്. ഭരണഘടന പ്രകാരം മതഭേദമെന്യേ നിയമപരമായും ഇതര നിലകളിലും തുല്യനിലയിൽ പരിഗണിക്കപ്പെടേണ്ട പൊതുസമൂഹത്തെ ഭിന്നതയിലാക്കുന്നതിനും മുഖ്യധാരയിൽ നിന്നും മുസ്ലിം പെണ്‍കുട്ടികളുടെ  പാർശവൽക്കരണത്തിനും മാത്രമേ വ്യവസായീകരിക്കപ്പെട്ട മത - രാഷ്ട്രീയ അച്ചുതണ്ടിൽ രൂപം കൊള്ളുന്ന ഇത്തരം അപമാനകരമായ നിയമ നിർമ്മാണങ്ങൾ കാരണമാകൂ. ശൈശവ വിവാഹങ്ങളിലൂടെ പെണ്‍കുട്ടിക്കു നഷ്ടമാകുന്നത് അവളുടെ വിദ്യാഭ്യാസവും സ്വാതന്ത്രവുമാണ്. 

18  വയസ്സ് തികയാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതോ , വിവാഹം നടത്തിക്കൊടുക്കുന്നതോ , വിവാഹത്തിൽ പങ്കെടുക്കുന്നതോ നിയമപരമായി ശിക്ഷാർഹമാണ്. 
എന്നാൽ ജാതി മതഭേദമെന്യേ സംസ്ഥാനത്താകെ നടമാടുന്ന ഈ കൊടിയ അനീതിക്കെതിരെ ശക്തവും സമയബന്ധിതവുമായ നടപടികൾ ഉണ്ടാകുന്നതേയില്ല. സംസ്ഥാനത്താകെ 5000 നു മുകളിൽ ശൈശവ വിവാഹങ്ങൾ നടക്കുന്നുണ്ടെന്നാണ് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് . എന്നാൽ യഥാർഥ കണക്കുകൾ ഇതിനും എത്രയോ മീതെയായിരിക്കും! പ്രായപൂര്‍ത്തിയാകാത്ത കാലത്തു സ്വന്തം ഇഷ്‌ടപ്രകാരമല്ലാതെ നടന്ന വിവാഹത്തെ പ്രായപൂര്‍ത്തിയായശേഷം ചോദ്യംചെയ്യാനും റദ്ദാക്കാനുമുള്ള സ്വാതന്ത്ര്യം ശൈശവ വിവാഹ നിരോധന നിയമം പെണ്‍കുട്ടികള്‍ക്കു നല്‍കുന്നുണ്ട്‌... .
 
മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട യത്തീംഖാനാ അധികൃതർ  പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരിക്കണമെന്ന എന്ന് ഖുറാൻ  നിഷ്ക്കർഷയെ ഏതു നിലയിലാണ് പരിഗണിക്കുന്നത് .

"അനാഥകളോട് എങ്ങനെ വര്‍ത്തിക്കണമെന്നും നിന്നോടവര്‍ ചോദിക്കുന്നു; പറയുക, എങ്ങനെ വര്‍ത്തിക്കുന്നതാണോ അവര്‍ക്ക് ഗുണകരം, അങ്ങനെ വര്‍ത്തിക്കുന്നതാകുന്നു ഉല്‍കൃഷ്ടമായിട്ടുള്ളത്." വി.  ഖുർആൻ (2:220)
' സ്ത്രീധനം എന്ന മഹാ തിന്മയെ ഇസ്ലാം പരിപൂർണമായും  നിഷേധിക്കുന്നുണ്ട്.'

എന്നിട്ടും മതപണ്ടിതന്മാർ പോലും ബന്ധപ്പെട്ട .... പ്രാവർത്തികമാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നില്ല. ഇസ്ലാമിക ആചാര പ്രകാരം നിക്കാഹ്  ചെയ്തു കൊടുക്കുന്നത്  പള്ളിയിലെ ഖാളിയാണ്. ശൈശവ വിവാഹത്തിന്റെ അടക്കം പിന്നിലെ മൂലകാരണമായ സ്ത്രീധനമെന്ന കാട്ടുനീതിയെ തുടച്ചു നീക്കാൻ അവർ പോലുമെന്തുകൊണ്ട് നേതൃത്വം നൽകുന്നില്ല ? 

" സ്ത്രീയുടെ സമ്മതമോ അനുവാദമോ ആരായാതെ നടത്തപ്പെടുന്ന ഏകപക്ഷീയമായ വിവാഹങ്ങളെ ഇസ്ലാം അംഗീകരിക്കുന്നില്ല. ഇണകളുടെ മനഃപൊരുത്തം അന്വേഷിക്കുകയും അവര്‍ക്ക്‌ തൃപ്തികരമെങ്കില്‍ മാത്രം വിവാഹം നടത്തുകയും ചെയ്യുന്നതിനെയാണ്‌ ദീന്‍ അനുകൂലിക്കുന്നത്‌. (
പ്രവാചകന്‍(സ) പ്രസ്താവിച്ചു: "

" വിധവയുടെ കാര്യം തീരുമാനിക്കാനുള്ള അധികാരം അവള്‍ക്കു തന്നെയാണ്‌; രക്ഷിതാവിനല്ല. കന്യകയെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ അവളുടെ സമ്മതം ആരായേണ്ടതുമുണ്ട് "

ഇതെല്ലാമാണ് ഖുറാൻ നിഷ്ക്കർഷിച്ചതെങ്കിൽ കോഴിക്കോട്ടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ, കുട്ടിയുടെ ഇംഗിതം  അവഗണിച്ച് , വിവാഹം നടത്തിക്കൊടുക്കാൻ കൂട്ടുനിന്നത് 'നിന്ദ'യല്ലാതാകുന്നതെങ്ങനെ ? 

മതത്തേയും ദാരിദ്രത്തേയും  സാമ്പത്തിക/  ലൈംഗിക ചൂഷണങ്ങൾക്കുള്ള ഉപാധിയായി ഉപയോഗിക്കുന്ന ഇത്തരം കപട - ആത്മീയ/  മതവാദികൾക്കും - അതിനു ചൂട്ടു പിടിക്കുന്ന നെറികെട്ട നീതിന്യായ - രാഷ്ട്രീയ ബാന്ധവത്തിന്റെയും സന്ധിബന്ധങ്ങളിൽ പെണ്‍ഹിതത്തിന്റെ ചുറ്റികപ്രഹരങ്ങളേൽക്കേണ്ടതുണ്ട്. നിഷ്കളങ്കരായ  മതവിശ്വാസികൾക്കും മാതൃകാപരമായ നിലയിൽ മനുഷ്യ സ്നേഹത്തിന്റെ പ്രതിരൂപമായി നിരാലംബാരെ പിന്തുണക്കുന്ന വിവധ മതവിശ്വാസം വെച്ചു പുലർത്തുന്നവർക്കും  അപമാനമാണീ കച്ചവടക്കാർ.  

കോഴിക്കോട്ടെ പെണ്‍കുട്ടി ഒരു പ്രതീകമാണ്. ജാതി മത ഭേദമന്യേ പുരുഷാധിപത്യ വ്യവസ്ഥിതി ചൂഷണത്തിനു വിധേയപ്പെടുത്തുന്ന ഓരോ പെണ്ണിന്റെയും നേർരൂപം . പ്രതിസന്ധികളിലും പ്രതിബിംബങ്ങളിലും അവൾ തന്റെ വിദ്യാഭ്യാസം പൂർത്തീകരിക്കാനും മികച്ച തൊഴിൽ കണ്ടെത്താനും ആഗ്രഹിക്കുന്നു. അതിനാവശ്യമായ പിന്തുണയും ശക്തിയും പൊതുസമൂഹം പകരേണ്ടതുണ്ട് . പെണ്ണിന് തുല്യ നീതിയും സാമ്പത്തിക / രാഷ്ട്രീയ സ്വാതന്ത്രവും ഉറപ്പാക്കാനുന്നതിന് സ്ത്രീയും പുരുഷനും തോളോടു തോൾ ചേർന്ന മുന്നേറ്റങ്ങളാണ് കാലം ആവശ്യപ്പെടുന്നത് . അതിനായുള്ള ക്രിയാത്മകവും സർഗ്ഗാതമകവുമായ സംവാദങ്ങളിലേക്ക് നമുക്കൈക്യദാർഡ്യപ്പെടാം.  

Friday, July 26, 2013

----- നക്ഷത്രം -----

 നിങ്ങള്‍  പ്രതിരോധ ശേഷി നഷ്ടപ്പെട്ടവന്റെ
പുഞ്ചിരി കണ്ടിട്ടുണ്ടോ ?

പല വേഷങ്ങളില്‍ രോഗാണു പേറുന്നവന്റെ  
ഉമിനീരു സ്പര്‍ശിച്ചിട്ടുണ്ടോ ?

ആ കണ്ണുകളിലെ ഉത്തരമറിയാത്ത
ഇരുട്ടിന്റെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ ?

ശോഷിച്ച അവരിലേക്ക്
നെറ്റി താഴ്ത്തുബോള്‍
മുഖങ്ങള്‍ ഇഴഞ്ഞെത്തിക്കൊണ്ടിരിക്കും ...

ഞരബുകളുടെ ഗതാഗത നിയമക്കുരുക്കില്‍ പെട്ടവര്‍. ...
ശ്വേത രക്താണുക്കളുടെ ജനസംഖ്യാപെരുപ്പത്താൽ
ആസൂത്രണ ബോര്‍ഡു പിരിച്ചു വിട്ടവര്‍ ...

വിഡ്ഢിവേഷം കെട്ടുന്നവന്‍ ലഹരിക്ക്‌
കടം കൊണ്ടത് ആയുസ്സിന്റെ ശിഷ്ടഭാഗം ...

എന്റെ മുന്നിലെ വൈദ്യ ശാസ്ത്രം
നോക്കുകുത്തിയാകുന്നത്
ഈ പുകപടലങ്ങളുടെ ആനന്ദം
ഇങ്ങനെ പല്ലിളിക്കുബോഴാണ് ...

ആരോഗ്യത്തിന്റെ സാമ്പത്തിക സൂചിക
കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്നു .
ആശുപത്രികള്‍ നക്ഷത്രങ്ങളാണത്രേ ..
നക്ഷത്രങ്ങള്‍. ......!!