അക്ഷരങ്ങളുടെ പ്രഹരമേറ്റാണ്
മഷിപ്പേന നിശബ്ദമായത്. .
കവിതയിൽ ചാലിച്ച ഹൃദയ ഭാരങ്ങൾ
ഇരയുടെ തേങ്ങലായ് നേർത്തു പോയി ..
(നിയമ) യുദ്ധങ്ങൾ മുറുകട്ടെ..;
ഉന്നതങ്ങളിൽ വേട്ടനായ്ക്കൾ
ചുടു സംസ്ക്കാര തീ കാഞ്ഞു രമിക്കട്ടെ !
നീതിയുടെ വനവാസം ,
വർഷം പതിനാറ് !
കൗമാരം യൗവ്വനം കൂട്ടിപ്പൊതിഞ്ഞാ -
ക്കറുത്ത തുണിയെടുത്തിനിയെന്റെ
കഴുത്തിൽ മുറുക്കുക .... !
നെഞ്ചിലെ ചോരയൂറ്റിക്കുടിക്കട്ടെ
ചിരിക്കട്ടെ; ബസന്തുമാർ ....
കൈലേസു നനയാതെ കരയട്ടെ... !
കണ്ണിലെ തീയിതാ അക്ഷരമാകുന്നു ....
പുകയുന്ന ഉമിയിതാ കൈകൾ നിറക്കുന്നു ....
കണ്ണുകൾ ബലമായ് കൂട്ടിപ്പിടിക്കുവോർ ..
ഓർക്കുക പുരികങ്ങൾ തീ കത്തും മണം ..
അജീർണ്ണ നീതിസാരങ്ങൾ ഉരുകും വിധം ..
ആത്മാഭിമാനത്താൽ പെണ്ണായ് പിറന്നിടാം ..
സംഘം ചേർന്നാടാം
അതിജീവനത്തിനായ്...!